
വിപണിയിലെ മാറ്റങ്ങൾ ഏതാണ്ട് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലെയാണ്. കാലഘട്ടത്തിനനുസരിച്ച് പുതിയ പുതിയ ഉപകരണങ്ങൾ രൂപംകൊള്ളുകയും, ചിലതിനു രൂപമാറ്റം സംഭവിക്കുകയും, മത്സരിക്കാൻ ശേഷിയില്ലാത്തവ മരണപ്പെടുകയും ചെയ്യും. CD എന്ന പുതിയ മീഡിയം രൂപപ്പെട്ടപ്പോൾ പഴയ മാഗ്നെറ്റിക് ടേപ്പുകൾക്ക് പൂർണ്ണമായും വംശനാശം സംഭവിക്കുകയാണുണ്ടായത്. എന്നാൽ തുടർന്നു വന്ന DVD ക്ക് അത്രവേഗം CDയെ കീഴ്പെടുത്താൻ കഴിഞ്ഞില്ല. അതിനും ശേഷം DVDയുടെ അടുത്ത തലമുറയായി രണ്ട് സാങ്കേതിക വിദ്യകൾ ആണ് രൂപം കൊണ്ടത്. HD-DVDയും, ബ്ലൂറേയും. ഇതിൽ HD-DVD ഏതാണ്ട് ജനിക്കുന്നതിനും മുൻപേ മരണപ്പെട്ടു. ഇനി ഭാവിയുടെ സ്റ്റോറേജ് വിദ്യയായ ബ്ലൂറേ ആണെങ്കിൽ വിലകുടുതൽ കാരണം വളരെ പതുക്കയേ പ്രചാരത്തിൽ ആയി വരുന്നുള്ളു. HD ടിവികൾ പ്രചാരത്തിൽ ആകുമ്പോൾ തീർച്ചയായും അതിന്റെ കൂടെ ബ്ലൂറേയും പ്രചാരത്തിൽ ആകും. സാധാരണ ക്ലാരിറ്റിയിൽ ചിത്രങ്ങൾ കാണാൻ വേണ്ടി ആരും ഫുൾ HD ടിവി വാങ്ങി വയ്ക്കില്ലല്ലോ.
നിലവിൽ നമ്മുടെ ടിവി LCD/LED/പ്ലാസ്മ ഇങ്ങനെ ഏതുമാകട്ടെ, നമുക്ക് കിട്ടുന്ന മിക്കവാറും വീഡിയോ എല്ലാം 720p അഥവാ HD-റെഡി ആയിരിക്കും. അത് ഡിവിഡി ആയാലും, HD സാറ്റലൈറ്റ് റിസീവർ ആയാലും. അപ്പോൾ പിന്നെ ഫുൾ HD വീഡിയോ ലഭിക്കാൻ എന്താണ് മാർഗ്ഗം ? നിലവിൽ നമ്മുടെ നാട്ടിൽ കാര്യമായി പ്രചാരത്തിൽ ആയിട്ടില്ലെങ്കിലും ബ്ലൂറേ ഡിസ്കുകൾ ആണ് ഫുൾ HD വീഡിയോ ലഭിക്കാനുള്ള മാർഗ്ഗം. ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുക്കുകയാണെങ്കിൽ, അതായത് ഒരു HDടിവി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു ഡിവിഡി പ്ലേയർ വാങ്ങുന്നതിനേക്കാൾ നല്ല്ലത് ഒരു ബ്ലൂറേ പ്ലേയറിനായി പണം മുടക്കുന്നതാണ്.
ബ്ലൂറേ സാങ്കേതിയ വിദ്യയുടെ ഉപജ്ഞാതാക്കളായ സോണി തന്നെയാണ് ബ്ലൂറേ പ്ലേയറുകളൂറ്റെയും, ഡിസ്കുകളുടെയും നിർമ്മാണത്തിൽ മുൻപിൽ നിൽകുന്നത്. നിലവിൽ വിപണിയിൽ ലഭ്യമായതിൽ എല്ലാ ഫീച്ചേഴ്സോടെയും കൂടിയ എന്നാൽ താങ്ങാവുന്ന വിലനിലവാരത്തോടു കൂടിയ ഒരു ബ്ലൂറേ പ്ലേയറാണ് BDP-S380. പഴയ സിഡി, ഡിവിഡി പ്ലേയറുകൾ കണ്ട് പരിചയിച്ച നിങ്ങൾ അത്തരത്തിൽ ഒരു പ്ലേയറായി ആധുനിക മീഡിയ പ്ലേയറുകളെ കാണരുത്, കാരണം അവയെല്ലാം തന്നെ വൈഫൈ ഇന്റർനെറ്റ് അടക്കമുള്ള സവിശേഷതകളുമായാണ് എത്തുന്നത്.
സോണി BDP-S380 ഫുൾ HD പിന്തുണക്കുന്ന ഒരു ബ്ലൂറേ മീഡിയാ പ്ലേയർ ആണ്. അതായത് ഇന്ന് ലഭമായതിൽ വച്ച് ഏറ്റവും മികച്ച ദൃശ്യാനുഭവം നിങ്ങളുടെ സ്വീകരണ മുറിയിൽ ലഭ്യമാക്കി തരാൻ ഇതിന് സാധിക്കും. ബ്ലൂറേ കൂടാതെ യുഎസ്ബി, ഹാർഡ് ഡിസ്ക്, ഇന്റർനെറ്റ് സൌകര്യങ്ങളും ഉണ്ട്. അതായത് ബ്ലൂറേ ഡിസ്ക് കൂടാതെ നിങ്ങളുടെ പെൻഡ്രൈവിലുള്ള വിവരങ്ങളൂം, ഇനി ഇവ ഹാർഡ് ഡിസ്കിൽ സൂക്ഷിച്ച് വച്ച് നിങ്ങളുടെ സമയം അനുസരിച്ചോ നിങ്ങൾക്ക് കാണാം. വൈഫൈ, ലാൻ എന്നിവ വഴി ഇന്റർനെറ്റ് കണക്ടിവിറ്റിയും ഇതിലുണ്ട്. ബ്രാവിയ ഇന്റെർനെറ്റ് വഴി ഓൺലൈൻ സ്ട്രീമിങ്ങ് വീഡിയോ തടസമില്ലാതെ മികച്ച ക്ലാരിറ്റിയോടെ ഇതുവഴി നിങ്ങൾക്ക് കാണാം, പക്ഷേ നല്ല ഒരു ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണമെന്നു മാത്രം. യുട്യൂബ്, സ്റ്റൈൽ, സിങിങ്ങ് ഫൂൾ, ബ്ലിപ്പ് ടിവി, സോണി ടിവി എന്നിങ്ങനെ വിവിധ വെബ്സൈറ്റുകൾ ആക്സസ്സ് ചെയ്യാനും, വീഡിയോ ബ്രൌസ് ചെയ്യാനും സാധിക്കും. ഇത് നിങ്ങളൂടെ ടിവിയെ ഒരു സമ്പൂർണ്ണ വിനോദ മാധ്യമം ആക്കിത്തീർക്കുന്നു.

ഒരു യുഎസ്ബി പോർട്ട്, HDMI പോർട്ട്, കോയാക്സിയൽ പിൻ, കോമ്പോസിറ്റ് വീഡിയോ-ഓഡിയോ ഔട്ട് എന്നിവ കൂടാതെ ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് ഒരു ഈതർനെറ്റ് പോർട്ടും ഉണ്ട്. ഏതായാലും ഒന്നിലധികം HDMI പോർട്ടുകൾ വളരെ അനിവാര്യമായ ആവശ്യമായിരുന്നു. ഉപയോഗിക്കുവാൻ വളരെ സൌകര്യപ്രദമായ ഒരു റിമോട്ട് കൺട്രോൾ ആണ് ഇതിന്റെ കൂടെ ലഭിക്കുന്നത്. ഇനി സോണിയുടെ മീഡിയ റിമോട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴി ഐഫോണും, ആൻഡ്രോയിഡ് ഫോണും ഉപയോഗിച്ച് നിങ്ങൾക്ക് ഈ പ്ലേയർ നിയന്ത്രിക്കാം. വൈഫൈ വഴിയാണ് ഈ റിമോട്ട് നിയന്ത്രണം സാധ്യമാകുന്നത്.
സോണിയുടെ ഈ ബ്ലൂറേ പ്ലേയർ ഡോൾബി ട്രൂ-HD, DTS-HD എന്നീ ഹൈ ക്വാളിറ്റി ഓഡിയോ ഫോർമാറ്റുകളെ പിന്തുണക്കുന്നുണ്ട്. നിലവിൽ ഇവ ഉപയോഗത്തിൽ വന്നിട്ടില്ലെങ്കിലും മറ്റ് കമ്പനികളേക്കാൾ ഒരു പടി മുന്നിലെത്താൻ ഇത് സോണിയെ സഹായിച്ചിട്ടുണ്ട്. ഇതിന്റെ 7.1 ചാനൽ ഓഡിയോ ഔട്ട്പുട്ട് വളരെ മികച്ച അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്.
നിലവിൽ ഇത് ഒരു സമ്പൂർണ്ണ പ്ലേയർ ആണെന്നു പറയാൻ പറ്റില്ല. ഇതിന്റെ ഏറ്റവും വലിയ കുറവ് 3D പിന്തുണക്കാത്തതാണ്. ഒപ്പം തന്നെ Dvix ഫോർമാറ്റിന്റെ പിന്തുണക്കാത്തതും ഒരു പോരായമയായി ചൂണ്ടികാണിക്കാവുന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ലോ ബഡ്ജറ്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച ബ്ലൂറേ പ്ലേയറുകളിലൊന്നാണ് സോണി BDP-S380 എന്ന് ആത്യന്തികമായി വിലയിരുത്താം.










